ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം കേരളത്തില്‍ അഞ്ചുവയസ് തന്നെ: കേന്ദ്രനിർദേശം തള്ളി മന്ത്രി ശിവന്‍കുട്ടി
Wednesday, February 28, 2024 3:38 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ് തന്നെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തിന്റെ നിലപാട് അതാണെന്നും പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചാംവയസിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കേരളം നടപ്പാക്കില്ല. മുൻ വർഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു.
അടുത്ത സ്കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്കിയ നിര്‍ദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി തലത്തിൽ 4,14151 വിദ്യാർഥികൾ പ്ലസ് വണ്ണിലും 4,41213 വിദ്യാർഥികൾ പ്ലസ്ടുവിലും പരീക്ഷയെഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്നിന് മൂല്യനിർണയം തുടങ്ങും. മേയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.