ചിക്കൻ ഒഴിവാക്കേണ്ടി വരും; കോഴി വില കുതിക്കുന്നു
Wednesday, February 28, 2024 3:18 PM IST
കോഴിക്കോട്: തീൻമേശകളിൽ നിന്നും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ട സ്ഥിതിയിലേക്ക് സംസ്ഥാനത്തെ കോഴിവില നീങ്ങുകയാണ്. നിലവിൽ ചില്ലറ വിപണിയിൽ കിലോയ്ക്ക് 240 രൂപയോളമാണ് സംസ്ഥാനത്തെ കോഴിവില എത്തിനിൽക്കുന്നത്. ഒരു മാസം മുൻപ് 180 രൂപയായിരുന്ന കോഴി വിലയാണ് നോക്കിനിൽക്കുമ്പോൾ കുതിച്ചുകയറുന്നത്.
കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുപോകുന്നതും ഉത്പാദനം പകുതിയോളമായി കുറച്ചതുമാണ് വിപണിയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാന ലോബി കൃത്രിമ ക്ഷാമം കൂടി സൃഷ്ടിക്കുന്നതോടെ സാധാരണക്കാരന് താങ്ങാൻ കഴിയാത്ത നിലയിലേക്ക് വില ഉയർന്നു.
വില വർധിച്ചതോടെ കച്ചവടം ഗണ്യമായി കുറഞ്ഞുവെന്നാണ് ചില്ലറ വ്യാപാരികൾ പറയുന്നത്. വൻ വിലക്കയറ്റം കാരണം ഹോട്ടലുകളും ചിക്കൻ വിഭവങ്ങളുടെ വില കൂട്ടിയിട്ടുണ്ട്. ഇതും സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി. വില പിടിച്ചുനിർത്താൻ വിപണിയിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്.