മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു
Wednesday, February 28, 2024 2:35 PM IST
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ 504 കണ്ടംകേരി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് അയൽവാസിയുടെ വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
കുളിക്കാനായി പോകുന്നവഴി അയൽവാസിയായ കൊച്ചുമോൻ ആക്രമിക്കുകയായിരുന്നുവെന്നാണ് ദമ്പതികൾ പോലീസിനു മൊഴി നല്കിയത്. തോമസിനെ തലയിലും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്.
ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുണ്ടക്കയത്തെയും കാഞ്ഞിരപ്പള്ളിയിലെയും സ്വകാര്യആശുപത്രികളിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അയൽവക്ക തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കൊച്ചുമോനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.