മലപ്പുറത്ത് ഇ.ടി, പൊന്നാനിയിൽ സമദാനി: ലീഗിൽ സീറ്റ് മാറ്റം; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Wednesday, February 28, 2024 11:52 AM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയുമാണ് സ്ഥാനാർഥികൾ. സീറ്റുകൾ പരസ്പരം വച്ചുമാറിയാണ് ഇരുവരും മത്സരിക്കുക.
രാവിലെ പാണക്കാട്ട് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി യോഗത്തിനു ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിച്ചു. സിറ്റിംഗ് എംപി നവാസ് ഖനി തന്നെയാണ് സ്ഥാനാർഥി.
ദേശീയ രാഷ്ട്രീയത്തിൽ ഫാസിസത്തിനെതിരേ വിദ്വേഷത്തിന്റെയും അകൽച്ചയുടെയും രാഷ്ട്രീയത്തിനെതിരേ സൗഹൃദത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ വിജയിപ്പിക്കുക എന്നുള്ളതാണ് ലീഗ് ഉൾക്കൊള്ളുന്ന മുന്നണിയുടെ ലക്ഷ്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. പകരം അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാനാണ് ധാരണ. അതിനു അടുത്ത് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭാ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചതായും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.