ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല
Wednesday, February 28, 2024 11:10 AM IST
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിന് ഹൈക്കോടതിയിൽ ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി.
ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതി, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ തീർപ്പാക്കി. ജസ്റ്റീസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് വിധിപറഞ്ഞത്.
പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ ആരോപിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്.
വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി ഹർജിയിൽ പറയുന്നു. മാത്രമല്ല, ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി ഹർജി തള്ളിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നടിയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.