മണിപ്പുരിൽ വീണ്ടും സംഘർഷം; പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Wednesday, February 28, 2024 10:57 AM IST
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് അഡീഷണൽ പോലീസ് സൂപ്രണ്ട് അമിത് സിംഗിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി അമിത് സിംഗിന്റെ വീട്ടിലെത്തിയ തീവ്ര മെയ്തി സംഘടനയിലെ ഇരുന്നൂറോളം പേരടങ്ങുന്ന ആയുധധാരികളാണ് അതിക്രമം നടത്തിയത്. തുടർന്ന് സ്ഥലത്ത് വെടിവയ്പ്പുണ്ടായതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സംഘം അമിത് സിംഗിനെയും സഹായിയെയും തട്ടിക്കൊണ്ടുപോയെങ്കിലും പോലീസ് ഇടപെട്ട് മോചിപ്പിച്ചു. അമിത് സിംഗിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങളും ആയുധധാരികൾ തകർത്തു. സംഭവത്തിനു പിന്നാലെ ഇംഫാൽ വെസ്റ്റിൽ സൈന്യത്തെയടക്കം സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.