നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ വിധി ഇന്ന്
Wednesday, February 28, 2024 9:29 AM IST
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സർക്കാരിന്റെ ഹർജിയിൽ വിധി പറയുക.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്.
വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി ഹർജിയിൽ പറയുന്നു. മാത്രമല്ല, ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി ഹർജി തള്ളിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നടിയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.