12 വര്‍ഷത്തെ കരിയറിന് അന്ത്യം; ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍ വിരമിച്ചു
Tuesday, February 27, 2024 1:51 PM IST
ക്രൈസ്റ്റ് ചര്‍ച്ച്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലൻഡ് ഇടംകൈയന്‍ പേസര്‍ നീല്‍ വാഗ്നര്‍. വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ വാഗ്നറെ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് 37 വയസുകാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ന്യൂസിലന്‍ഡിനായി അരങ്ങേറിയത്. 12 വർഷത്തെ കരിയറിൽ 64 ടെസ്റ്റുകളില്‍ നിന്നു 27.57 ശരാശരിയിൽ 260 വിക്കറ്റുകളാണ് വാഗ്നർ വീഴ്ത്തിയത്.
ന്യൂസിലൻഡിനായി 100 വിക്കറ്റുകളിലധികം നേടിയവരിൽ മികച്ച ശരാശരിയുള്ള രണ്ടാമത്തെ ബൗളറാണ് വാഗ്നർ. കിവീസിന്റെ ഇതിഹാസ താരം സർ റിച്ചാർഡ് ഹാഡ്ലിയാണ് പട്ടികയിൽ മുന്നിൽ. 12 വർഷത്തെ കരിയറിനിടയിൽ ഒരിക്കൽ പോലും താരത്തിന് ഏകദിന, ട്വന്റി-20 ടീമുകളിൽ സ്ഥാനം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും വാഗ്നറാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 39 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ടെസ്റ്റിലെ മികച്ച പ്രകടനം.
2019- 21 സീസണിൽ ഇന്ത്യയെ വീഴ്ത്തി പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡ് സ്വന്തമാക്കിയപ്പോൾ നിർണായക പങ്കുവഹിച്ചത് നീൽ വാഗ്നറായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വാഗ്നര്‍ പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് പിന്മാറിയെങ്കിലും ആഭ്യന്തര മത്സരങ്ങളിൽ തുടരുമെന്ന് താരം വ്യക്തമാക്കി. ന്യൂസിലൻഡ് പ്രാദേശിക ക്രിക്കറ്റിൽ നോർതേൺ ഡിസ്ട്രിക്ടിന്റെ ഭാഗമായ വാഗ്നർ കൗണ്ടിയിൽ ലങ്കാഷെയറിനു വേണ്ടി കളത്തിലിറങ്ങിയിരുന്നു.