സി.കേശവന് സ്മാരക അവാര്‍ഡ് മാർ ക്ലീമിസ് ബാവയ്ക്ക് സമ്മാനിച്ചു
Monday, February 26, 2024 8:20 PM IST
തിരുവനന്തപുരം: സി.കേശവന് സ്മാരക സമിതി ഏര്‍പ്പെടുത്തിയ 2023 ലെ സി.കേശവന് സ്മാരക അവാര്‍ഡ് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു സമ്മാനിച്ചു. തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാർ ക്ലീമിസ് ബാവയ്ക്ക് അവാർഡ് കൈമാറി.
സാമൂഹ്യ പരിഷ്കര്‍ത്താവും തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന സി.കേശവന് നാട്ടിലെ ആഭ്യന്തര വൈരുധ്യങ്ങള്‍ക്കെതിരെ പോരാടിയ വ്യക്തിത്വമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ മതസൗഹാര്‍ദം ഊട്ടി ഉറപ്പിക്കുന്നതിൽ മാർ ക്ലീമിസ് ബാവ നേതൃപരമായ പങ്കുവഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രാന്തദര്‍ശിയായ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു സി.കേശവന് എന്ന് മറുപടി പ്രസംഗത്തില്‍ ബാവ പറഞ്ഞു.
മുന്‍ നിയമസഭാ സ്പീക്കര്‍ എം. വിജയകുമാര്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.