ചാഞ്ചാടി സ്വര്‍ണവില; ഇന്നു കുറഞ്ഞത് 80 രൂപ
Monday, February 26, 2024 11:06 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന് 46,080 രൂപയിലും ഗ്രാമിന് 5,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 4,775 രൂപയിലെത്തി.
ശനിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 21നാണ് സ്വർണവില വീണ്ടും 46,000 കടന്നത്. പിന്നീട് പവന്റെ വില 46000 ൽ താഴ്ന്നിട്ടില്ല. 11 ദിവസത്തിനിടെ 640 രൂപയുടെ മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്. വാരാന്ത്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 10.60 ഡോളർ വർധിച്ച് 2035.57 ഡോളർ എന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച ട്രോയ് ഔൺസിന് നാലു ഡോളർ ഇടിഞ്ഞ് 2031.80 ഡോളർ എന്ന നിലവാരത്തിലാണ് ഇന്ന് വിപണി പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.