പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഎസ്പി എംപി ബിജെപിയിൽ ചേർന്നു
Sunday, February 25, 2024 6:00 PM IST
ന്യൂഡൽഹി: ഏഴ് എംപിമാർക്കായി പാര്‍ലമെന്റ് കാന്റീനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത ബിഎസ്പി എംപി ബിജെപിയിൽ ചേർന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍നിന്നുള്ള എംപി റിതേഷ് പാണ്ഡെയാണ് ബിജെപിയിൽ ചേർന്നത്.
ബിഎസ്പി നേതാവ് മായാവതിയെ പലതവണ കാണാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും, പാര്‍ട്ടി യോഗങ്ങള്‍ക്ക് തന്നെ വിളിക്കുന്നില്ലെന്നും റിതേഷ് ആരോപിച്ചു. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെന്ന് മനസിലായെന്നും രാജിക്കത്തിൽ പറയുന്നു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസലുമായി റിതേഷ് പാണ്ഡെ ബന്ധപ്പെട്ടിരുന്നുവെന്നും നിലവിൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന സീറ്റിൽ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
ബിഎസ്പി ഇത്തവണ റിതേഷിന് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്ന് സൂചനയുണ്ടായിരുന്നു. 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ജലാൽപൂരിൽ നിന്നു ജയിച്ച റിതേഷ് 2019ൽ അംബേദ്കർ നഗർ മണ്ഡലത്തിൽ നിന്ന് 95,880 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലോക്സഭയിലേക്ക് കന്നിജയം സ്വന്തമാക്കിയത്.
പ്രതിപക്ഷത്തെ ഏഴ് എംപിമാർക്കായി പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ കേരളത്തിൽ നിന്ന് എൻ.കെ.പ്രേമചന്ദ്രൻ പങ്കെടുത്തിരുന്നു.