ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ
Sunday, February 25, 2024 2:47 PM IST
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം മേയ് മുതൽ ഒളിവിലായിരുന്ന 20 വയസുകാരനെ ഇന്നാണ് പോലീസ് പിടികൂടിയത്.
2023 മെയ് 17ന്, പാൽഘറിലെ നല്ല സോപാര ഏരിയയിലെ ഷിർദി നഗറിൽ നടന്ന സംഭവത്തിൽ 18 വയസുള്ള റൗണക് അഞ്ജനി തിവാരിയും കിഷൻ സഞ്ജയ് ഝായും കൊല്ലപ്പെടുകയും മറ്റൊരാളായ ശിവം ഓംപ്രകാശ് മിശ്രയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേരും പരിക്കേറ്റ മിശ്രയും സുഹൃത്തുക്കളായിരുന്നു. കേസിൽ മിശ്രയെ ആണ് പോലീസ് സംശയിച്ചത്.
ഇയാൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മിശ്ര ഒളിവിൽ പോയി. അന്വേഷണം നടന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഒൻപത് മാസങ്ങൾക്ക് ശേഷം മിശ്രയെ പോലീസ് പിടികൂടുകയായിരുന്നു.