ഹരിയാനയിലെ ഏഴു ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു
Sunday, February 25, 2024 12:47 PM IST
ചണ്ഡിഗഡ്: കർഷകരുടെ "ഡൽഹി ചലോ' പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ഏഴ് ജില്ലകളിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരുന്നത്.
ഏഴ് ജില്ലകളിലെ മൊബൈൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് നീട്ടാൻ പുതിയ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സർക്കാർ തീരുമാനത്തെ പ്രദേശവാസികൾ സ്വാഗതം ചെയ്തു.
സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും ചേർന്നാണ് ‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.
വിളകൾക്കും കൃഷിക്കും മിനിമം താങ്ങുവില (എംഎസ്പി), നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുക, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ പ്രതിഷേധിക്കുന്നത്.