കടലിൽ രക്ഷാപ്രവർത്തനം നടത്താൻ ബോട്ടില്ലാതെ തീരദേശ പോലീസ്
Sunday, February 25, 2024 6:47 AM IST
വിഴിഞ്ഞം: കടലിൽ രക്ഷാപ്രവർത്തനത്തിനറങ്ങാൻ ഒരു സ്പീഡ്ബോട്ടെങ്കിലും അനുവദിച്ച് തരണമെന്ന വിഴിഞ്ഞം തീരദേശ പോലീസിന്റെ വർഷങ്ങളായ ആവശ്യവും പരിഗണിച്ചില്ല. ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പു നൽകിയ അധികൃതർ എൻജിൻ ഘടിപ്പിച്ച ബോട്ട് മറൈൻ എൻഫോഴ്സ്മെന്റിന് അനുവദിച്ചപ്പോഴും തീരദേശ പോലീസിനെ കൈവിട്ടു.
കട്ടപ്പുറത്തായ ഇന്റർസെപ്റ്റർ ബോട്ടിനെ കടലിൽ ഇറക്കാൻ കഴിയാതെ കുഴയുകയാണ് പോലീസ്. ഇന്നലെയും ഇറക്കിയതിനെക്കാൾ വേഗത്തിൽ കരയിൽ കയറ്റിയ ശേഷം അറ്റകുറ്റപ്പണിക്കായി കരാർ ഏറ്റെടുത്ത വർമടങ്ങി .
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടത്തേണ്ട വിവിഐപി പട്രോളിംഗ് എങ്ങനെയാകണമെന്നും തീരുമാനമായില്ല. തീരദേശ സ്റ്റേഷൻ സ്ഥാപിതമായ 2010 മുതൽ അനുവദിച്ചു കിട്ടിയ പഴഞ്ചാൻ ബോട്ട് മാറ്റിത്തരണമെന്ന നിരന്തര ആവശ്യം ഉടൻ പരിഹരിക്കുമെന്ന് മാസങ്ങൾക്ക് മുൻപ് അധികൃതർ തീരദേശ പോലീസിന് ഉറപ്പു നൽകിയിരുന്നു.
നിലവിലുള്ള 12 ടൺ ഇന്റർസെപ്റ്റർ ബോട്ടിന് പകരം അപകടങ്ങൾ അറിഞ്ഞാൽ വേഗത്തിൽ എത്താൻ പാകത്തിലുള്ള സ്പീഡ്ബോട്ടായിരുന്നു ആവശ്യം. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.
പകരം ഫിഷറീസ് വിഭാഗത്തിന്റെ കീഴിലുള്ള മറൈൻ എൻഫോസ്മെന്റിന് ഒരു വള്ളം അനുവദിച്ച് നൽകി. മത്സ്യബന്ധന വള്ളത്തിന് സമാനമായ 32 അടി നീളമുള്ള രണ്ട് എൻജിൻ ഘടിപ്പിച്ച യാനം മറ്റ് നടപടികൾ പൂർത്തിയാക്കി ഉടൻ എത്തുമെന്നും അറിയുന്നു.
അപകട സ്ഥലങ്ങളിൽ വേഗത്തിൽ എത്താനും തീരത്തോട് അടുത്ത് തിരച്ചിൽ നടത്താനും വള്ളം സഹായകമാകുമെന്നും അധികൃതർ പറയുന്നു. എന്നും അറ്റകുറ്റപ്പണിയുടെ പേരിൽ ബോട്ട് കരയിൽ ആയതോടെ തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റിന്റെ കൂടെ മ റൈൻ ആംബുലൻസിലാണ് പട്രോളിംഗിനിറങ്ങിയിരുന്നത്. ഇതൊഴിവാക്കി സ്വന്തം നിലയിൽ കടലിൽ ഇറങ്ങാനാണ് പുതിയ ബോട്ട് വേണമെന്ന ആവശ്യം തീരദേശ പോലീസ് നിരന്തരം ഉന്നയിച്ചത്.
ഏറെ അപകടാവസ്ഥയിലായ സ്വന്തം ബോട്ടിനെ ആറ് മാസത്തെ ഇടവേളക്ക് ശേഷം അറ്റകുറ്റപ്പണി കഴിഞ്ഞ് ചൊവ്വാഴ്ച കടലിൽ ഇറക്കിയെങ്കിലും ചോർച്ച കാരണം ജെസിബിയുടെ സഹായത്തോടെ കരയിൽ കയറ്റിയിരുന്നു.
ചോർച്ച അടച്ച് ഇന്നലെ ഇറക്കിയ ബോട്ടിൽ വെള്ളം കയറിയ തോടെ മറ്റ് പോംവഴിയില്ലാതെ വീണ്ടും കരക്കു കയറ്റി. അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങൾ കമ്പനിയിൽ നിന്നെത്തിയാലെ പണി തുടങ്ങാനാകുവെന്നറിയിച്ച തൊഴിലാളികളും മടങ്ങി.
ലക്ഷങ്ങൾ മുടക്കി നിരന്തരം പണികൾ നടത്തുന്ന ബോട്ടിനെ ഇനി കടലിൽ ഓടിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് പോലീസ്.