സരസ്വതി ദേവിയെ അനാദരിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ
Sunday, February 25, 2024 4:09 AM IST
ജയ്പുർ: സരസ്വതി ദേവിയെ അനാദരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത അധ്യാപികയ്ക്ക് സസ്പെൻഷൻ. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ കിഷൻഗഞ്ച് ഏരിയയിലെ ലക്ദായ് ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയ്ക്കെതിരെയാണ് നടപടി.
രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവാറിന്റെ ഉത്തരവിനെ തുടർന്നാണ് പ്രൈമറി സ്കൂൾ അധ്യാപിക ഹേംലത ബൈർവയെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തതെന്ന് ബാരൻ ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
കിഷൻഗഞ്ച് ഏരിയയിലെ ലക്ദായ്യിലെ സർക്കാർ പ്രൈമറി സ്കൂളിൽ റിപ്പബ്ലിക് ദിന ചടങ്ങിൽ സരസ്വതി ദേവിയുടെ ചിത്രം വേദിയിൽ വച്ചതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ, പ്രദേശവാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിന് അധ്യാപിക ഉത്തരവാദിയാണെന്ന് കണ്ടെത്തി. അവരെ സസ്പെൻഡ് ചെയ്യുന്നതിനുള്ള ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിച്ചതായി ബാരൻ ജില്ലാ വിദ്യാഭ്യാസ (എലിമെന്ററി) ഓഫീസർ പിയൂഷ് കുമാർ ശർമ പിടിഐയോട് പറഞ്ഞു.
വിവാദം ഒഴിവാക്കി റിപ്പബ്ലിക് ദിന ചടങ്ങ് സുഗമമായി നടത്താൻ അധ്യാപികയ്ക്ക് കഴിയുമായിരുന്നു. എന്നാൽ അവർ വികാരം വ്രണപ്പെടുത്തുകയും നാട്ടുകാരെ പ്രകോപിപ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.