ആര്‍സിബിക്ക് തകർപ്പൻ ജയം; ശോഭന ആശയ്ക്ക് അഞ്ച് വിക്കറ്റ്
Sunday, February 25, 2024 12:04 AM IST
ബംഗളൂരു: വനിതാ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. സ്കോര്‍: ആര്‍സിബി - 157/6, യുപി വാരിയേഴ്സ് - 155/7.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി സഭിനേനി മേഘന (53), റിച്ച ഘോഷ്(62) എന്നിവരുടെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് 157 റൺസ് നേടിയത്. ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാന 13 റൺസ് നേടി.
വിജയം ഉറപ്പിച്ച് ബാറ്റിംഗ് ആരംഭിച്ച യുപി വാരിയേഴ്സ് മലയാളി താരം ശോഭന ആശയുടെ മിന്നും ബൗളിംഗിനു മുന്നിൽ തകരുകയായിരുന്നു. ആശയുടെ അഞ്ച് വിക്കറ്റ് കരുത്തില്‍ ആർസിബി യുപി വാരിയേഴ്സിനെ 155 റൺസിലൊതുക്കി.
വനിതാ ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം ശോഭന ആശ സ്വന്തമാക്കി. 16 ഓവറില്‍ 126-3 എന്ന സ്കോറിലായിരുന്ന യുപി 17 ഓവറില്‍ 128-6 എന്ന നിലയിലേക്ക് തകർന്നതോടെ വിജയം കൈയെത്തും ദൂരത്ത് നഷ്ടമായി.
38 റൺസ് നേടി ഗ്രേയ്സ് ഹാരിസ് യുപിക്കായി മികച്ച പ്രകടനം പുറത്തെടുത്തു.രാജേശ്വരി ഗെയ്ക്ക്വാദ് വാരിയേഴ്സിനായി രണ്ട് വിക്കറ്റ് നേടി. നാല് ഓവറില്‍ 22 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ ശോഭന ആശയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.