ജീവൻ പണയംവച്ച് മോഷ്ടാക്കളെ പിടികൂടിയ "ആലുവ സ്ക്വാഡിന്' അംഗീകാരം
Saturday, February 24, 2024 11:06 PM IST
കൊച്ചി: മോഷ്ടാക്കളെ രാജസ്ഥാനിലെ അജ്മീറിൽ നിന്ന് സാഹസികമായി പിടികൂടിയ പോലീസ് സംഘത്തിന് അംഗീകാരം. കവർച്ചാ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസിനു നേരെ മോഷ്ടാക്കൾ വെടിവച്ചിരുന്നു.
ആലുവയിലെയും സമീപപ്രദേശത്തെയും വീടുകളിൽനിന്നും 38 പവനും 33,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതികളായ ഉത്തരാഖണ്ഡ് ഗംഗാനഗർ റാംപുർ സ്വദേശികളായ ഡാനിഷ് (23), ഷെഹ്ജാദ് (33) എന്നിവരെ പിടികൂടാൻ ആലുവ റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ സ്ക്വാഡ് അജ്മീറിലെത്തിത്.
അജ്മീറിലെ ദർഗ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുന്നതിനിടെ ഇരുവരും പോലീസിനു നേരെ വെടിയുതിർത്തു രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവത്തിൽ അജ്മീർ എഎസ്പിക്കും ദർഗ എസ്എച്ച്ഓയ്ക്കും പരിക്കേറ്റിരുന്നു.
ജീവൻപണയം വച്ച് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിനെ റൂറൽ എസ്പി ഡോ. വൈഭവ് സക്സേന അനുമോദിച്ചു. ഇവർക്കു പ്രശംസാപത്രവും ഗുഡ് സർവീസ് എൻട്രിയും നൽകാനും ഡിജിപിയുടെ പുരസ്കാരത്തിനായും റൂറൽ എസ്പി ശിപാർശ ചെയ്തു.
റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്.എസ്.ശ്രീലാൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി.എ.അഫ്സൽ, കെ.എം. മനോജ് എന്നിവരാണ് സാഹസികമായി പ്രതികളെ വലയിലാക്കിയത്.
റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഓപ്പറേഷനിൽ പങ്കെടുത്ത അഞ്ചുപേർക്കും ഓപ്പറേഷൻ കോ-ഓർഡിനേറ്റ് ചെയ്ത എഎസ്പി ട്രെയ്നി അഞ്ജലി ഭാവന,ഡിവൈഎസ്പി എ.പ്രസാദ്, സിഐ എം.എം. മഞ്ജു ദാസ് എന്നിവർക്കും എസ്പി അഭിനന്ദനക്കത്ത് നൽകി.