ബേലൂർ മഖ്ന കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കർണാടക
Saturday, February 24, 2024 9:50 PM IST
ബംഗളൂരൂ: ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തുമെന്നു ആന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വനംവകുപ്പ്. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് നിലപാട് വ്യക്തമാക്കിത്.
ഏകീകരണ സമിതിയിൽ വയനാട് സ്പെഷൽ ഓഫീസർ കെ.വിജയാനന്ദ് കേരളത്തിന്റെ നോഡൽ ഓഫീസർ പദവി വഹിക്കും. കേരളത്തിൽ നിന്ന് നാലു കിലോമീറ്റർ അകലെ കർണാടക വനത്തിലാണ് നിലവിൽ ആനയുള്ളത്.
ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും രാത്രികാല പട്രോളിംഗ് നടത്തുന്നുണ്ടെന്നും കർണാടക വനംവകുപ്പ് അധികൃതർ പറഞ്ഞു.കർണാടക വനംവകുപ്പ് പിടികൂടി റോഡിയോകോളർ ഘടിപ്പിച്ച് വനത്തിൽ വിട്ട ആന മാനന്തവാടിയിലെത്തി അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയിരുന്നു.
തുർന്ന് ആനയെ പിടികൂടാൻ കേരളാ, കർണാടക വനംവകുപ്പ് അധികൃതർ സംയുക്തമായി ശ്രമിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ആനയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് അധികൃതരെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു.