"കാഹളം മുഴക്കി' ശരദ് പവാർ; പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ചു
Saturday, February 24, 2024 3:51 PM IST
മുംബൈ: എൻസിപി ശരദ് പവാർ പക്ഷത്തിന്റെ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാഹളം മുഴക്കുന്ന പുരുഷനാണ് പുതിയ ചിഹനം. ശനിയാഴ്ച റായ്ഗഡ് കോട്ടയിൽവച്ചാണ് പ്രഖ്യാപനമുണ്ടായത്.
പുതിയ ചിഹ്നം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാൻ പ്രചോതനമാണെന്ന് ശരദ് പവാർ പറഞ്ഞു. കാഹളം ദാരിദ്യവും തൊഴിലില്ലായ്മയും കൊണ്ട് കഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുമെന്നും പവാർ കൂട്ടിച്ചേർത്തു.
ജനങ്ങളുടെ സർക്കാർ രൂപീകരിക്കാൻ ഇനിയും പൊരുതി മുന്നോട്ടുപോകണം. ഇതിനായി കാഹളത്തെ ശക്തിപ്പെടുത്തണമെന്നും ശരദ് പവാർ വ്യക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് അജിത് പവാർ പാർട്ടി പിളർത്തി ഷിൻഡേ സർക്കാരിനൊപ്പം ചേർന്നിരുന്നു. തുടർന്ന് എൻസിപിയുടെ ചിഹ്നമായ ക്ലോക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ വിഭാഗത്തിന് അനുവദിച്ചു. തുടർന്നാണ് ശരത് പവാർ വിഭാഗം പാർട്ടിക്ക് പുതിയ പേരും ചിഹ്നവും സ്വീകരിച്ചത്. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശരദ് പവാർ വിഭാഗത്തിന് പുതിയ ചിഹ്നം അനുവദിച്ച് ഉത്തരവിറക്കിയത്.