മഹുവ മൊയ്ത്രയുടെ ഹർജി തള്ളി
Saturday, February 24, 2024 3:34 AM IST
ന്യൂഡൽഹി: ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതും മാധ്യമങ്ങൾ വാർത്ത നൽകുന്നതും വിലക്കണമെന്ന തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
അന്വേഷണവുമായി ബന്ധപ്പെട്ട് രഹസ്യാത്മകവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ മാധ്യമങ്ങൾക്ക് ഇഡി ചോർത്തുന്നത് തടയണമെന്നായിരുന്നു മഹുവയുടെ ആവശ്യം. ഈ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നതായിരുന്നു മറ്റൊരാവശ്യം. ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദാണ് ഹർജി തള്ളിയത്.
രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നത് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിനുള്ള തന്റെ അവകാശത്തെ തടയുമെന്നും മഹുവ ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങി എന്നു പാർലമെന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍നിന്ന് പണം വാങ്ങിയെന്നായിരുന്നു ആരോപണം. മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.