രാജീവ് ഗാന്ധി വധക്കേസ് ; ശാന്തൻ ശ്രീലങ്കയിലേക്ക്
Friday, February 23, 2024 10:52 PM IST
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന ശാന്തൻ സ്വന്തം നാട്ടിലേക്കുപോകുന്നു. രോഗിയായ അമ്മയെ കാണാൻ ശ്രീലങ്കയിലേക്ക് പോകണമെന്ന അപേക്ഷയിൽ കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ശാന്തന് ലങ്കയിലേക്ക് പോകാനാകും. രേഖകൾ തിരിച്ചിരപ്പള്ളി കളക്ടർക്ക് കൈമാറി. സുപ്രീംകോടതി ജയിൽമോചനത്തിന് ഉത്തരവിട്ടതിനു പിന്നാലെ ശാന്തൻ അടക്കമുള്ളവർ തിരിച്ചിരപ്പള്ളിയിലെ പ്രത്യേക ക്യാന്പിലാണ് കഴിയുന്നത്.
കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യയാളാണ് ശാന്തൻ. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. 2022ലാണ് സുപ്രീം കോടതി ഇടപെട്ട് ശാന്തൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചത്.
എസ്.രാജ എന്നാണ് ശാന്തന്റെ ഔദ്യോഗിക പേര്. 1991ലെ ലങ്കൻ പ്രശ്നകാലത്ത് ബോട്ട് മാർഗം ശിവരശനൊപ്പം ഇന്ത്യയിലെത്തിയ ശാന്തൻ എൽടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നു.രാജീവ് വധ ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്.
1991 മേയ് 21നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീപെരുമ്പത്തൂരിൽവച്ച് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ എൽടിടിഇ പ്രവർത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷക്ക് വിധിച്ചു.
1999ൽ സുപ്രീംകോടതി ഏഴുപേരെ ശിക്ഷിച്ചു. നളിനിയടക്കം നാലുപേരുടെ വധശിക്ഷ കോടതി ശരിവച്ചു. പിന്നീട് സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.