രാഹുൽ ഗാന്ധിക്ക് തിരിച്ചടി: മാനനഷ്ടക്കേസിൽ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളി
Friday, February 23, 2024 2:37 PM IST
റാഞ്ചി: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. കേസിലെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നല്കിയ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു മാനനഷ്ടക്കേസ്.
ജസ്റ്റീസ് അബുജ്നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാഹുലിനു വേണ്ടി അഭിഭാഷകരായ പിയൂഷ് ചിത്രേഷ്, ദിപാങ്കർ റായ് എന്നിവർ ഹാജരായി. ഈമാസം 16ന് രാഹുൽ ഗാന്ധി കോടതിയിൽ വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കുകയും തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2018 ൽ ചായ്ബസയിലെ കോൺഗ്രസ് സമ്മേളനത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കേസ്. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് നവീൻ ഝാ ജാർഖണ്ഡ് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.