ബീഫുമായി യാത്ര ചെയ്ത ദളിത് യുവതിയെ ബസിൽനിന്ന് ഇറക്കിവിട്ടു; കേസെടുത്തു
Friday, February 23, 2024 1:18 PM IST
ചെന്നൈ: ബീഫ് കൈയിൽ സൂക്ഷിച്ചതിന് ദളിത് സ്ത്രീയെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്നാട് പോലീസ് കേസെടുത്തു. സർക്കാർ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ എസ്സി/എസ്ടി ആക്ട് പ്രകാരം ധർമപുരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ ഇരുവരെയും സർവീസിൽനിന്ന് അന്വേഷണ വിധേയമായി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (ടിഎൻഎസ്ടിസി) സസ്പെൻഡ് ചെയ്തു.
ബീഫുമായി ഹരൂരിൽനിന്ന് കൃഷ്ണഗിരിയിലേക്ക് ബസിൽ യാത്ര ചെയ്ത പാഞ്ചലായ് (59) എന്ന സ്ത്രീക്കാണ് ദുരനുഭവനം നേരിട്ടത്. ബീഫ് യുവതിയുടെ കൈവശമുണ്ടെന്ന് മനസിലാക്കിയ കണ്ടക്ടർ ഇവരോടെ കയർക്കുകയും നിർബന്ധിച്ച് ബസിൽ നിന്നും ഇറക്കിവിടുകയുമായിരുന്നുവെന്നു പറയുന്നു.
പതിവായി ഹരൂരിൽനിന്ന് ബീഫ് വാങ്ങി സ്വന്തം ഗ്രാമത്തിൽ കൊണ്ടുപോയി വിൽക്കുന്ന സ്ത്രീയാണു ഇവർ. കഴിഞ്ഞ ആറ് മാസമായി ബസ് കണ്ടക്ടർ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് സ്ത്രീ ആരോപിച്ചു.