തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നേട്ടമുണ്ടാക്കി എൽഡിഎഫ്; പത്തിടത്ത് യുഡിഎഫ്, മൂന്നിടത്ത് എൻഡിഎ
Friday, February 23, 2024 12:42 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ ആറു സീറ്റുകൾ എതിരാളികളിൽ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
യുഡിഎഫ് 10 സീറ്റുകളിലും എൽഡിഎഫ് ഒമ്പതു സീറ്റുകളിലും എൻഡിഎ മൂന്നു സീറ്റുകളിലുമാണ് വിജയിച്ചത്. ഒരിടത്ത് സ്വതന്ത്രൻ വിജയിച്ചു. നേരത്തേ നാലു സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ചെണ്ണം അധികം നേടിയപ്പോൾ യുഡിഎഫിന്റെ സീറ്റ് 14ൽ നിന്ന് പത്തായി ചുരുങ്ങി.
തിരുവനന്തപുരം ജില്ലയിലെ നാലിൽ മൂന്നിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയും വിജയിച്ചു. രണ്ടു വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ വാർഡുകൾ എൽഡിഎഫ് സ്വന്തമാക്കിയപ്പോൾ പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിളയിൽ എൻഡിഎ വിജയിച്ചു.
കൊല്ലം ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡ് എൽഡിഎഫ് സ്വന്തമാക്കി. പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ടയിൽ യുഡിഎഫ് വിജയിച്ചു.
ആലപ്പുഴ കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎം സിറ്റിംഗ് സീറ്റ് ഒരു വോട്ടിനു ബിജെപി പിടിച്ചെടുത്തു. സുഭാഷ് പറമ്പിശേരിയാണ് വിജയി. സിപിഎമ്മിലെ ഗീത സുനിൽ രണ്ടാം സ്ഥാനത്തും സിപിഎം വിമതൻ എം.ആർ.രഞ്ജിത് മൂന്നാം സ്ഥാനത്തുമെത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി കെ.പി.സുരേഷ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലും യുഡിഎഫ് വിജയിച്ചു. എട്ടാം വാർഡായ മൂലക്കടയിലും പതിനൊന്നാം വാർഡായ നടയാറിലുമാണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്.
എറണാകുളം നെടുമ്പാശേരി പഞ്ചായത്തിലെ കൽപക നഗറിൽ യുഡിഎഫിന്റെ സീറ്റ് സിപിഎം പിടിച്ചെടുത്തു. ഇതോടെ കോൺഗ്രസിനു പഞ്ചായത്ത് ഭരണം നഷ്ടമായി. സിപിഎമ്മിലെ എൻ.എസ്. അർച്ചന 98 വോട്ടിനു വിജയിച്ചു. എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജിയിൽ യുഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്.
തൃശൂർ മുല്ലശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര സീറ്റ് എൽഡിഎഫ് സ്വന്തമാക്കി. പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് സീറ്റുകൾ എൽഡിഎഫ് സ്വന്തമാക്കിയപ്പോൾ തിരുവേഗപ്ര ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് യുഡിഎഫിനൊപ്പം നിന്നു. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട്ടിൽ സ്വതന്ത്രനാണ് വിജയിച്ചത്.
മലപ്പുറത്ത് മൂന്നിൽ മൂന്ന് സീറ്റുകളും യുഡിഎഫിനാണ്. കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിലിന്റെ ചൂണ്ട വാർഡിലും ഈസ്റ്റ് വില്ലൂരിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്കും യുഡിഎഫ് സ്വന്തമാക്കി.
കണ്ണൂർ മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ ടൗൺ വാർഡിൽ എൻഡിഎ അട്ടിമറി ജയം സ്വന്തമാക്കി. മട്ടന്നൂർ നഗരസഭയിലെ ബിജെപിയുടെ കന്നിജയമാണിത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രലിലും മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറത്തും യുഡിഎഫ് വിജയിച്ചപ്പോൾ മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് മാത്രം എൽഡിഎഫിനൊപ്പം നിന്നു.
സംസ്ഥാനത്തെ10 ജില്ലകളിലെ ഒരു കോർപറേഷൻ വാർഡിലേക്കും നാലു മുനിസിപ്പാലിറ്റി വാർഡുകളിലേക്കും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ 88 പേരാണ് ജനവിധി തേടിയത്.