തൃശൂരിൽ തെരുവ് പുസ്തക വിൽപ്പന നിർത്തലാക്കാൻ കോർപ്പറേഷൻ തീരുമാനം
Friday, February 23, 2024 4:02 AM IST
തൃശൂർ: തെരുവ് പുസ്തക വിൽപ്പന നിർത്തലാക്കാനൊരുങ്ങി തൃശൂർ കോർപ്പറേഷൻ. വഴിയോരത്ത് പ്രവർത്തിക്കുന്ന പുസ്തക വിൽപ്പന ശാലകൾ നിർത്തലാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് തീരുമാനമായത്.
കോർപ്പറേഷൻ പരിസരം, സ്വരാജ് റൗണ്ട് പരിസരം, പാലസ് റോഡ്, മ്യൂസിയം റോഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കടയുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
തീരുമാനത്തിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ 27 നകം അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. വർഷങ്ങളായി നഗരത്തിൽ പ്രവർത്തിക്കുന്ന ആറ് സ്ഥാപനങ്ങൾക്കാണ് കോർപ്പറേഷന്റെ തീരുമാനം ഭീഷണിയായിരിക്കുന്നത്.