മെയ്തെയ് വിഭാഗത്തെ പട്ടികവർഗമാക്കിയ നിർദ്ദേശം റദ്ദാക്കി
Thursday, February 22, 2024 10:41 PM IST
ഇംഫാല്‍: മെയ്തെയ് വിഭാഗത്തെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നിർദേശം മണിപ്പൂർ ഹൈക്കോടതി റദ്ദാക്കി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടിക വർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഗോത്ര വിഭാഗങ്ങളെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ മുൻ ഉത്തരവ് ഉദ്ധരിച്ചാണ് ഹൈക്കോടതി പുതിയ ഉത്തരവിട്ടത്.
പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്കു കഴിയില്ലെന്നും കേന്ദ്രസർക്കാരിനാണ് അതിന്റെ ചുമതലയെന്നുമാണു ഭരണഘടനാ ബെഞ്ച് അന്നു നിരീക്ഷിച്ചത്. ഇതനുസരിച്ച് അന്നത്തെ ഹൈക്കോടതി ഉത്തരവിലുള്ള നിർദേശം റദ്ദാക്കാൻ ജസ്റ്റീസ് ഗോൽമി ഗൈഫുൽഷില്ലു ഉത്തരവിടുകയായിരുന്നു.
മെയ്തെയ് വിഭാഗത്തിനു പട്ടിക വർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ സംഘടന ചുരാചന്ദ്പുരിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് പിന്നീട് കലാപമായി മാറിയത്.
മെയ്തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പൂരും രംഗത്തിറങ്ങിയതോടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.കലാപത്തില്‍ 200ലേറെ പേര്‍ക്കാണ് ജീവന് നഷ്ടമായത്.