ഐപിഎൽ; ആദ്യമത്സരത്തിൽ ചെന്നൈയും ബംഗളൂരും ഏറ്റുമുട്ടും
Thursday, February 22, 2024 7:19 PM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മാര്‍ച്ച് 22ന് തുടക്കമാകും. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരിനെ നേരിടും.
നിലവിലെ ചാമ്പ്യന്മാരും റണ്ണറപ്പുകളും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുമെന്ന പതിവുശൈലിയ്ക്കാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്. നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ മത്സരം 24ന് മുംബൈ ഇന്ത്യന്‍സുമായാണ്.
ഡല്‍ഹിയിലെ വേദി മത്സരത്തിന് സജ്ജമാകാത്തതിനാൽ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ് നടത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐപിഎൽ മത്സരങ്ങൾ വിദേശത്തുവച്ച് നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു മത്സരം മാത്രമുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30നും രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30നും കളി ആരംഭിക്കും.