സൗന്ദര്യമില്ലെന്നു പറഞ്ഞ് യുവതിക്ക് പീഡനം; ഭർത്താവടക്കം അഞ്ച് പേർക്കെതിരേ കേസ്
Thursday, February 22, 2024 6:29 PM IST
പയ്യന്നൂര്‍: സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ പയ്യന്നൂരിലെ 28 വയസുകാരിയായ പെൺകുട്ടിക്കാണ് ഭർതൃവീട്ടിൽ പീഡനം നേരിടേണ്ടി വന്നത്.
ഭർത്താവ് ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ദീപക്, ദീപക്കിന്റെ മാതാപിതാക്കളായ ഇന്ദിര, സതീശൻ, ബന്ധുക്കളായ ദിവ്യ, രമ്യ എന്നിവർക്കെതിരെയാണ് കേസ്.
വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് നടന്ന വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർ 65 പവൻ നൽകിയിരുന്നു. പിന്നീട് ഭർതൃഗൃഹത്തിൽ താമസിച്ചു തുടങ്ങിയതോടെ ഭർത്താവും ബന്ധുക്കളും കൂടുതൽ സ്വർണവും 10 ലക്ഷം രൂപയും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇത് ലഭിക്കാതെ വന്നതോടെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവ് പലതരത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുന്നതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.