ഡൽഹിയിൽ സീറ്റ് ധാരണ; ആപ്പ് നാലിടത്തും കോണ്‍ഗ്രസ് മൂന്നിടത്തും മത്സരിക്കും
Thursday, February 22, 2024 4:41 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിൽ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിൽ സീറ്റ് ധാരണയിൽ എത്തിയതായി സൂചന. ആകെയുള്ള ഏഴ് മണ്ഡലങ്ങളിൽ ആംആദ്മി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ വസതിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
അതേസമയം പഞ്ചാബില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. പഞ്ചാബില്‍ 13 സീറ്റിൽ എഎപി മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാള് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ വമ്പൻ വിജയം നേടി ചരിത്രത്തിൽ ആദ്യമായി എഎപി അധികാരം പിടിച്ചിരുന്നു.
നേരത്തെ യുപിയില്‍ കോണ്‍ഗ്രസും - എസ്പിയും സീറ്റ് ധാരണയില്‍ എത്തിയിരുന്നു. 17 സീറ്റാണ് എസ്പി കോണ്‍ഗ്രസിന് മത്സരിക്കാനായി നല്‍കിയിരിക്കുന്നത്. വാരാണസി, അമേഠി, റായ്ബറേലി, മഥുര, കാൻപുർ, ഫത്തേപുർ സിക്രി, ഝാൻസി ഉൾപ്പെടെയുള്ള സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക.