സിംഹങ്ങള്‍ക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ല; പേര് മാറ്റണമെന്ന് കല്‍ക്കട്ട ഹൈക്കോടതി
Thursday, February 22, 2024 3:43 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈക്കോടതി. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിച്ചു.
മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്നും ജസ്റ്റീസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. വീട്ടിലെ വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ? സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോ എന്നും സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു.
സിംഹത്തിന് സീത എന്നു പേരിട്ടതിനെതിരെ വിഎച്ച്പി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.
ആളുകള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള പേരുകളിടും. അതല്ല ഇവിടത്തെ വിഷയം. സര്‍ക്കാര്‍ മൃഗശാലയിലെ മൃഗങ്ങളുടെ പേരാണ്. എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാന് അവകാശമുള്ള രാജ്യമാണിത്. മതവിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.
സീത എന്ന പേരിനോടു മാത്രമല്ല, അക്ബര്‍ എന്നു പേരിട്ടതിനോടും വിയോജിപ്പാണെന്ന് കോടതി വ്യക്തമാക്കി. അക്ബര്‍ മികച്ച ഒരു മുഗള്‍ ഭരണാധികാരിയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ സിംഹങ്ങള്‍ക്ക് ഈ പേരുകൾ നൽകിയത് ത്രിപുരയാണെന്ന് ബംഗാള്‍ കോടതിയെ അറിയിച്ചു. അവിടെനിന്ന് കൈമാറിക്കിട്ടിയ സിംഹങ്ങൾക്ക് ആ പേരു തന്നെ തുടര്‍ന്നും ഉപയോഗിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ സർക്കാർ അഭിഭാഷകൻ ത്രിപുര മൃഗശാലയില്‍നിന്നുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
ത്രിപുര പേര് നൽകിയപ്പോൾ അതിൽ മിണ്ടാത്ത വിഎച്ച്പിയാണ് ഇപ്പോൾ ഹർജിയുമായി വന്നിരിക്കുന്നതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ത്രിപുരയാണ് പേരു നല്കിയതെങ്കില് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് അതു മാറ്റാവുന്നതേയുള്ളൂവെന്ന് കോടതി പറഞ്ഞു. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിനോട് കോടതി നിർദേശിച്ചു.
അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. പൊതുതാത്പര്യ ഹർജിയായി മാറ്റാനും പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ഫെബ്രുവരി 16നാണ് കോൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിഎച്ച്പി ഹർജി നല്‍കിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി.
ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. സീതയ്ക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസും എട്ടു മാസവുമാണ് പ്രായം.