ജില്ലാതല പട്ടയമേളകൾ ഇന്ന്; തൃശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Thursday, February 22, 2024 9:16 AM IST
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത നവകേരളം എന്ന ലക്ഷ്യം മുൻനിർത്തി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ജില്ലാ തല പട്ടയമേളയുടെ ഉദ്ഘാടനം ഇന്നു മൂന്നിന് തൃശൂർ തേക്കിൻകാട് വിദ്യാർഥി കോർണറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മറ്റു 13 ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യും.
തിരുവനന്തപുരത്ത് ആര്യനാട് വി.കെ ഓഡിറ്റോറിയം, കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ, ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാൾ, കോട്ടയം കെപിഎസ് മേനോൻ ഹാൾ, ഇടുക്കി പഞ്ചായത്ത് ടൗൺഹാൾ, ചെറുതോണി, എറണാകുളം ഏലൂർ മുനിസിപ്പൽ ഹാൾ, പാലക്കാട് മേഴ്സി കോളജ് ഓഡിറ്റോറിയം, മലപ്പുറം മുൻസിപ്പൽ ടൗൺ ഹാൾ, കോഴിക്കോട് പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം കോവൂർ, വയനാട് സേക്രഡ് ഹാർട്ട് ചർച്ച് ജൂബിലി ഹാൾ കൽപ്പറ്റ, കണ്ണൂർ ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, കാസർഗോഡ് മുൻസിപ്പൽ ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് ജില്ലാതല പട്ടയമേളകൾ നടക്കുന്നത്.