ഡൽഹി ചലോ മാർച്ച്; കർഷകരുമായുണ്ടായ ഏറ്റുമുട്ടലിൽ 12 പോലീസുകാർക്ക് പരിക്ക്
Thursday, February 22, 2024 6:14 AM IST
ചണ്ഡീഗഡ്: ഡൽഹി ചലോ മാർച്ചിനിടെ കർഷകരും ഹരിയാന പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ഡേറ്റാ സിംഗ്-ഖനൗരി അതിർത്തിയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
"പ്രതിഷേധക്കാർ ഡാറ്റാ സിംഗ്-ഖനൗരി അതിർത്തിയിൽ എല്ലാ ഭാഗത്തുനിന്നും പോലീസുകാരെ വളയുകയും മുളകുപൊടി കത്തിക്കുകയും ചെയ്തു. അവർ വടികളും കല്ലുകളും ഉപയോഗിച്ച് പോലീസുകാരെ ആക്രമിച്ചു. 12 ഓളം പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു.' എക്സിൽ പങ്കുവച്ച ഒരു വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിഷപുക ഉയർന്നതിനെത്തുടർന്ന് പോലീസുകാർക്ക് ശ്വാസതടസവും കാഴ്ച പ്രശ്നങ്ങളും നേരിട്ടു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ഞങ്ങൾ പ്രതിഷേധക്കാരോട് അഭ്യർഥിക്കുന്നു. ഇത് രണ്ടു ഭാഗത്തുനിന്നുള്ളവർക്കും അപകരമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം നിലനിർത്തുന്നതിന് സഹകരിക്കാൻ ഹരിയാന പോലീസ് പ്രതിഷേധക്കാരോട് അഭ്യർഥിക്കുന്നു. കഴിഞ്ഞ ദിവസം കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ ഹരിയാന പോലീസ് സബ് ഇൻസ്പെക്ടർ വിജയ് കുമാർ ആരോഗ്യനില വഷളായതിനെ തുടർന്ന് മരിച്ചിരുന്നു.
തോന അതിർത്തിയിലാണ് വിജയ് കുമാറിനെ നിയമിച്ചത്. ഡ്യൂട്ടിക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നുവെന്ന് ഹരിയാന പോലീസ് എക്സ് ഹാൻഡിൽ കുറിച്ചു. കർഷകരുടെ പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഹരിയാന പോലീസ് അറിയിച്ചു.