ദിലീപിന് തിരിച്ചടി; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നല്കാൻ ഹൈക്കോടതി ഉത്തരവ്
Wednesday, February 21, 2024 11:53 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പ് അതീജീവിതയ്ക്കു നൽകരുതെന്നും തനിക്ക് വേണമെന്നുമുള്ള ദിലീപിന്റെ ആവശ്യങ്ങൾ കോടതി തള്ളി. ജസ്റ്റീസ് കെ. ബാബുവിന്റേതാണ് വിധി.
റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതി നിർദേശം നല്കി. ജസ്റ്റീസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസിലെ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിർത്ത ദിലീപ് തനിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നല്കാൻ ആവശ്യപ്പെടുകയായിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായുള്ള അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.