കാലടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; ഒരാൾക്ക് പരിക്ക്
Wednesday, February 21, 2024 10:46 AM IST
കൊച്ചി: കാലടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഭയന്നോടിയ ഒരാൾക്ക് പരിക്കേറ്റു. കാലടി പ്ലാന്റേഷൻ പതിനാറാം ബ്ലോക്കിലാണ് സംഭവം. പാണ്ടുപാറ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്.
ഇന്നുരാവിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്ലാന്റേഷനിൽ ടാപ്പിംഗിനെത്തിയപ്പോഴാണ് പതിനാറാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനക്കൂട്ടം തൊഴിലാളികളെ വിരട്ടിയോടിച്ചത്. പലഭാഗത്തായി തൊഴിലാളികൾ ചിതറിയോടി. ഇതിനിടെ മരത്തിൽ തട്ടി വീണാണ് ബിജുവിന് പരിക്കേറ്റത്. ഇയാളെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റ ബിജുവിന്റെ നില തൃപ്തികരമാണ്.
ആനക്കൂട്ടം ഇപ്പോഴും തോട്ടത്തിൽ തന്നെയുണ്ടെന്നാണ് വിവരം. നേരത്തെയും പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള ഫാമിൽ തൊഴിലാളികൾക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.