ജഗൻവിളിച്ചു ; കോൺഗ്രസിൽ ചേർന്ന എംഎൽഎ മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ചെത്തി
Tuesday, February 20, 2024 10:41 PM IST
ഹൈദരാബാദ് : സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ് വിട്ട് കോൺഗ്രസിൽ ചേർന്ന എംഎൽഎ മൂന്ന് ദിവസം കഴിഞ്ഞ് പാർട്ടിയിൽ തിരിച്ചെത്തി.
മംഗളഗിരി എംഎൽഎ രാമകൃഷ്ണ റെഡ്ഡി സീറ്റ് നൽകാത്തതിൽ എതിർപ്പുയർത്തിയാണ് വൈഎസ്ആർ കോൺഗ്രസ് വിട്ടത്. മൂന്ന് ദിവസം മുമ്പ് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു. ആന്ധ്ര കോൺഗ്രസ് സംസ്ഥാനാധ്യക്ഷ വൈ.എസ്. ശർമിളയാണ് രാമകൃഷ്ണ റെഡ്ഡിക്ക് കോൺഗ്രസ് അംഗത്വം നൽകിയത്.
തുടർന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി തന്നെ എംഎൽഎയെ നേരിട്ട് വിളിച്ച് സമവായത്തിലെത്തിയതോടെയാണ് രാമകൃഷ്ണ റെഡ്ഡി പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് ജഗൻമോഹൻ നേരിട്ടെത്തിയാണ് രാമകൃഷ്ണ റെഡ്ഡിയെ പാർട്ടിയിലേക്ക് തിരികെ സ്വീകരിച്ചത്.