സമരം ഫലം കണ്ടു; മറാത്ത സംവരണ ബില്ലിന് അംഗീകാരം
Tuesday, February 20, 2024 6:15 PM IST
മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത സമുദായത്തിന് പത്തു ശതമാനം സംവരണം നൽകുന്ന കരട് ബില്ലിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകി.
ബിൽ അംഗീകാരത്തിനായി അടുത്ത ദിവസം നിയമസഭയിൽ അവതരിപ്പിക്കും. തുടർന്ന് ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചത്.
നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അവതരിപ്പിച്ച ബില്ലിനെ എൻസിപി മന്ത്രി ഛഗൻ ഭുജ്ബൽ ഒഴികെയുള്ള മുഴുവൻ പേരും പിന്തുണച്ചു.
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമുള്ള മറാത്തികൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമാണെന്നു കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ജോലികളിൽ മറാത്തികളുടെ പ്രാതിനിധ്യം കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തേ മറാത്ത വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ വലിയ രീതിയിലുള്ള പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറാത്ത വിഭാഗത്തിന് സംവരണം നൽകണമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
അതേസമയം മറാത്ത സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജാരാങ്കെ പാട്ടീല്‍ പറഞ്ഞു. മറാത്ത സമുദായത്തെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി.