മൂന്നാം സീറ്റില്ല; ലീഗ് സ്ഥാനാർഥികളായി, സീറ്റ് വച്ചുമാറാനും ധാരണ
Tuesday, February 20, 2024 1:35 PM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാർഥികളെ തീരുമാനിച്ചു. എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുൽ സമദാനിയും തന്നെ മത്സരിക്കും. സ്ഥാനാർഥികൾ മാറില്ലെങ്കിലും സീറ്റുകൾ തമ്മിൽ വച്ചുമാറാനാണ് തീരുമാനം.
അബ്ദുൾസമദ് സമദാനിയുടെ മലപ്പുറം സീറ്റ് ഇ.ടി. മുഹമ്മദ് ബഷീറിനു നല്‍കും. ഇ.ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഈ മാറ്റം. പകരം സമദാനി പൊന്നാനിയിൽ മത്സരിക്കും.
ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് നേരത്തെ കോൺഗ്രസ് അറിയിച്ചിരുന്നു. പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് ധാരണയായെന്നുമാണ് കോൺഗ്രസ് അറിയിച്ചത്. ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ലീഗിന് നല്‍കിയേക്കും. നിലവില്‍ പി.വി. അബ്ദുള്‍വഹാബാണ് ലീഗിന്റെ രാജ്യസഭാംഗം.
എന്നാൽ മൂന്നാം സീറ്റ് സംബന്ധിച്ച് കോൺഗ്രസും ലീഗും തമ്മിൽ ധാരണയായില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാജ്യസഭാ സീറ്റിനെക്കുറിച്ച് ചർച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകൾ വച്ചുമാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചർച്ച പൂർത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചര്‍ച്ചകള്‍ എവിടേയും വഴിമുട്ടിയിട്ടില്ല. പാണക്കാട് സാദിഖലി തങ്ങള്‍ പ്രതിപക്ഷ നേതാവുമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. ലീഗിന്റെ ആവശ്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനം വൈകുന്നതിനാലാണ് യുഡിഎഫ് യോഗം വൈകിയിരുന്നത്. യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.