എഐഎംഐഎം നേതാവ് വാരിസ് പത്താനെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്
Tuesday, February 20, 2024 5:49 AM IST
മുംബൈ: ജനുവരിയിൽ വർഗീയ സംഘർഷം നടന്ന മുംബൈയിലെ മീരാ റോഡിൽ സന്ദർശനത്തിനെത്തിയ മുൻ നിയമസഭാംഗവും എഐഎംഐഎം നേതാവുമായ വാരിസ് പത്താനെ മുംബൈ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു.
മീരാ റോഡിലേക്ക് പോകുകയായിരുന്ന വാരിസ് പത്താനെ ദഹിസർ ചെക്ക്പോസ്റ്റിൽ വച്ചാണ് പോലീസ് തടഞ്ഞത്. "ഫെബ്രുവരി 19 ന് മീരാ റോഡിലേക്ക് പോകുമെന്ന് ഞാൻ പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും എനിക്ക് അനുമതി ലഭിച്ചില്ല, അവർ എന്നെ അവിടെ പോകാൻ അനുവദിക്കുന്നില്ല'-വാരിസ് പത്താൻ പറഞ്ഞു.
എഐഎംഐഎം പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിനിടെയിലൂടെ പോലീസുകാർ തന്നെ പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് എക്സിൽ പങ്കുവച്ചു.
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് കമ്മീഷണർക്ക് പരാതി സമർപ്പിക്കാൻ പോകുന്നതിനിടെയാണ് മുംബൈ പോലീസ് തന്നെ തടഞ്ഞുവെച്ചതെന്ന് വാരിസ് പത്താൻ പറഞ്ഞു. അതേസമയം, ഛത്രപതി ശിവാജി മഹാരാജ് ജയന്തി ദിനമായതിനാൽ ഞായറാഴ്ച പോലീസ് പത്താന്റെ വീട്ടിലെത്തി സിആർപിസി സെക്ഷൻ 149 പ്രകാരം നോട്ടീസ് നൽകിയിരുന്നു.
തന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് എഐഎംഐഎം നേതാവ് മുംബൈ പോലീസിനെതിരെ ആഞ്ഞടിച്ചു. “എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.