രണ്ട് വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും, പോലീസിന് അഭിനന്ദനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
Tuesday, February 20, 2024 3:25 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് കണ്ടെത്തിയ രണ്ട് വയസുകാരിക്ക് ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന് മാനസിക പിന്തുണ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച അന്വേഷണം നടത്തിയ കേരള പോലീസിന് അഭിനന്ദനങ്ങളെന്നും മന്ത്രി പറഞ്ഞു.
കാണാതായ കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് ഡിസിപി നിതിൻ രാജ് പറഞ്ഞു. ഇതുവരെ ആരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ഡിസിപി കൂട്ടിച്ചേർത്തു.