ബേലൂർ മഖ്ന കർണാടക ഉൾവനത്തിൽ; സംയുക്ത യോഗം വിളിക്കുമെന്ന് കർണാടക മന്ത്രി
Tuesday, February 20, 2024 2:02 AM IST
മാനന്തവാടി: വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണാടക മുൻകൈയെടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും. പ്രശ്നത്തിന് ശാശ്വത പരിഹാരംതേടി കർണാടക സർക്കാർ, കേരളം, തമിഴ്നാട് വനംമന്ത്രിമാരുടെ സംയുക്ത യോഗം വിളിച്ചുചേർക്കുമെന്ന് രാഹുൽ ഗാന്ധി എംപിക്ക് അയച്ച കത്തിൽ കർണാടക വനംമന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ അറിയിച്ചു.
അതേസമയം ബേലൂർ മഖ്ന കർണാടക ഉൾവനത്തിലേക്ക് നീങ്ങി. ഞായറാഴ്ച കർണാടക ബൈരകുപ്പ മേഖലയിൽ നിലയുറപ്പിച്ച ആന തിങ്കളാഴ്ച രാവിലെ ബാവലി-മൈസൂരു റോഡരികിലേക്ക് നീങ്ങിയിരുന്നു. എന്നാൽ, ഉച്ചയോടെ ബീച്ചനഹള്ളി ഡാം പരിസരത്തേക്ക് നീങ്ങിയതായാണ് സിഗ്നൽപ്രകാരം ലഭിച്ച വിവരം.
പത്ത് ദിവസമായി കേരള-കർണാടക അതിര്‍ത്തി വനമേഖലകളില്‍ മാറിമാറി സഞ്ചരിച്ച് ദൗത്യസംഘത്തെ വെട്ടിലാക്കുകയാണ് കാട്ടാന. നിലവിൽ കർണാടക വനമേഖലയിലായതിനാല്‍ തെരച്ചില്‍ നടത്താനും മയക്കുവെടിക്കായി കെണിയൊരുക്കാനും ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല.