കാട്ടാനയാക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് കർണാടക 15 ലക്ഷം ധനസഹായം നൽകും
Sunday, February 18, 2024 7:45 PM IST
ബംഗളൂരു: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 15 ലക്ഷം രൂപയാണ് അജീഷിന്റെ കുടുംബത്തിന് നൽകുമെന്ന് കർണാടക അറിയിച്ചിട്ടുള്ളത്.
കർണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടക വനം മന്ത്രിയാണ് വാർത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്. കർണാടക റേഡിയോക്കോളർ ഘടിപ്പിച്ച ബേലൂർ മഖ്ന എന്ന ആനയാണ് വയനാട്ടിലെത്തി അജീഷിനെ ആക്രമിച്ചത്.
രാവിലെ പണിക്കാരെ കൂട്ടാൻ പോയ അജീഷിനെയാണ് ആന ആക്രമിച്ചത്. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും മതിൽ തകർത്ത് വന്ന് ആന ഇയാളെ ചവിട്ടിക്കൊല്ലുകയായിരുന്നു.