മനീഷ് തിവാരി ബിജെപിയിലേക്കെന്ന് അഭ്യൂഹം; അടിസ്ഥാനരഹിതമെന്ന് ഓഫീസ്
Sunday, February 18, 2024 1:28 PM IST
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ബിജെപി നേതൃത്വവുമായി മനീഷ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ചാബിൽ നവജ്യോത് സിംഗ് സിദ്ദു ബിജെപിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സംസ്ഥാനത്തുനിന്നു തന്നെയുള്ള മുതിർന്ന നേതാവായ മനീഷ് തിവാരി പാർട്ടി വിടുന്നുവെന്ന സൂചനകൾ വരുന്നത്.
നിലവിൽ പഞ്ചാബിലെ അനന്ത്പുർ സാഹിബിൽനിന്നുള്ള എംപിയായ മനീഷ് തിവാരി ലുധിയാന ലോക്സഭാ മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണു വിവരം. നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന രാജ്യസഭാ എംപി ആർപിഎം സിംഗ് ഇതുമായി ബന്ധപ്പെട്ട് മനീഷ് തിവാരിയുമായി സംസാരിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
നേരത്തെ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായ അശോക് ചവാൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചാബിലെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുറത്തുവരുന്നത്.
അതേസമയം, ബിജെപിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മനീഷ് തിവാരിയുടെ ഓഫീസ് പ്രതികരിച്ചു. മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിലുണ്ട്.