കേരളത്തിലെ ബീച്ച് ടൂറിസത്തെ ചില ലോബികൾ തകർക്കാൻ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
Saturday, February 17, 2024 11:51 PM IST
തൃശൂർ: കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നുണ്ടെന്നും അതിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
തൃശൂരില്‍ കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. ലൈഫ് ഗാർഡുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും സർക്കാർ ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
ചാവക്കാട് ടൂറിസത്തിന് സർക്കാരിന്റെ പരിപൂർണ പിന്തുണയുണ്ടാകും. തീരദേശമേഖലയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് സർക്കാരിന്റെ പൊതു നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദുരന്ത നിവാരണ അഥോറിറ്റി ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയില്‍ 3.63 കോടി രൂപ വിനിയോഗിച്ചാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മിച്ചത്. തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ആശ്വാസമാകാന്‍ ഷെല്‍ട്ടര്‍ ഉപകരിക്കും.
877 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.