ജയ്സ്വാളിന് സെഞ്ചുറി; ഇന്ത്യ മികച്ച ലീഡിലേക്ക്
Saturday, February 17, 2024 5:04 PM IST
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്റെയും(104) അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും (65) തകര്‍പ്പന്‍ ബാറ്റിംഗിൽ ഇന്ത്യയുടെ ലീഡ് 322 റൺസിലെത്തി.
നിലവിൽ ഇന്ത്യ രണ്ടിന് 196 എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 നെതിരെ ഇംഗ്ലണ്ട് 319ന് എല്ലാവരും പുറത്തായി. 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.
പുറംവേദനയെ തുടർന്ന് ജയ്സ്വാൾ റിട്ടയേര്‍ഡ് ഹര്‍ട്ടായി. കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമാണ് ജയ്സ്വാള്‍ നേടിയത്. ഏകദിന ശൈലിയിലാണ് ജയ്സ്വാള്‍ ബാറ്റ് വീശിയത്. 133 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും എട്ട് ഫോറും നേടി. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു.
രണ്ടിന് 207 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ജോറൂട്ടിന്റെ (18) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സെഞ്ചുറി നേടിയ ഡക്കറ്റ് (153) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കുൽദീവ് യാദവ് മടക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു. നാലു വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുൽദീവ് യാദവും ജഡേജയും രണ്ടുവിക്കറ്റ് വീഴ്ത്തി.