സഞ്ചാരം തുടർന്ന് ബേലൂർ മഖ്ന; ഒരാഴ്ച പിന്നിട്ടിട്ടും പിടികൂടാനാകുന്നില്ല
Saturday, February 17, 2024 10:45 AM IST
വയനാട്: ഒരാഴ്ച പിന്നിട്ടിട്ടും ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാൻ കഴിയാതെ വനം വകുപ്പ്. കഴിഞ്ഞ ശനിയാഴ്ചയാണ് പടമല പനച്ചിയിൽ അജീഷിനെ വീട്ടുമുറ്റത്ത് ബേലൂർ മഖ്ന എന്ന മോഴയാന ചവിട്ടിക്കൊന്നത്.
ഏഴുദിവസം പിന്നിട്ടിട്ടും ദൗത്യസംഘത്തിന് ആനയുടെ അടുത്തെത്താൻ സാധിക്കുന്നില്ല. ആന ഉൾക്കാട്ടിലേയ്ക്ക് വലിയുന്നതാണ് വെല്ലുവിളിയാകുന്നത്.
ഇന്ന് രാവിലെ ബേലൂർ മഖ്ന ഇരുമ്പുപാലം കോളനിക്കടുത്തുണ്ടെന്ന് സിഗ്നൽ ലഭിച്ചിരുന്നു. രാത്രിയിൽ കാട്ടിക്കുളം–തിരുനെല്ലി റോഡ് മുറിച്ചുകടന്നാണു കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തിയത്.
മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ ഉൾപ്പെട്ട ദൗത്യസംഘം വനത്തിനുള്ളിൽ കടന്നിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അരുൺ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേർന്നത്.
ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് ആനയെ മയക്കുവെടിവച്ച് പിടിക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച വൈകിട്ടോടെ തന്നെ ആനയെ വനപാലക സംഘം പിന്തുടരാൻ തുടങ്ങി. ഞായറാഴ്ച രാവിലെയാണു മയക്കുവെടി വയ്ക്കാനുള്ള ദൗത്യ സംഘം തയാറായത്.
വയനാട് വന്യജീവി സങ്കേതം, വയനാട് നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷൻ, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്, കോഴിക്കോട് ആര്‍അര്‍ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാരാണു ദൗത്യത്തിൽ പങ്കെടുക്കുന്നത്.