നഗരവൽക്കരണത്തിനനുസൃതമായ ചികിത്സ സൗകര്യങ്ങൾ സംസ്ഥാനത്തൊരുക്കും: മുഖ്യമന്ത്രി
Saturday, February 17, 2024 12:55 AM IST
തിരുവനന്തപുരം: നഗരവത്കരണത്തിനനുസൃതമായി ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് കേരളം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് പുതുതായി ആരംഭിക്കുന്ന 42 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ നാടിനു സമർപ്പിക്കപ്പെടുകയാണ്.
കാലാനുസൃതമായി നഗരപ്രദേശങ്ങൾക്കനുയോജ്യമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ നേർസാക്ഷ്യമാണ്.
താരതമ്യേന ജീവിതചെലവ് കൂടുതലുള്ള നഗര പ്രദേശങ്ങളിലും സൗജന്യവും സമഗ്രവുമായ പ്രാഥമികാരോഗ്യ പരിരക്ഷ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട് ഇതോടൊപ്പം പൂർത്തിയായ 37 ഐസൊലേഷൻ വാർഡുകളുടെ സേവനവും പൊതുജനങ്ങൾക്ക് ലഭിക്കും.
അപൂർവരോഗങ്ങളുടെ ചികിത്സയിൽ സമഗ്ര ചികിത്സാ പദ്ധതിയും ചികിത്സാനയവും രാജ്യത്ത് ആദ്യമായി ആവിഷ്ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ നിയോജക മണ്ഡലത്തിലും പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത് തുടരും.
പകർച്ച വ്യാധി വ്യാപന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കണം. അപൂർവ രോഗ ചികിത്സ രംഗത്ത് മാതൃകാപരമായ നടപടികളാണ് കേരളം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.