ഡോ.അരുൺ സക്കറിയ ദൗത്യസംഘത്തിനൊപ്പം ചേർന്നു; ബേലൂർ മഖ്ന ഒളിച്ചുകളി തുടരുന്നു
Friday, February 16, 2024 6:51 PM IST
വയനാട്: മാനന്തവാടിയിൽ അജീഷിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്ന ആറാം ദിവസവും ഒളിച്ചുകളി തുടരുന്നു. ഡോ. അരുൺ സക്കറിയയും കർണാടകയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘത്തിനൊപ്പം ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും മയക്കുവെടിവെക്കാൻ പാകത്തിന് ആനയെ കിട്ടിയില്ലെന്ന് അധികൃതർ പറഞ്ഞു.
രാവിലെ മുതൽ പനവല്ലിക്ക് സമീപം കുന്നുകളിൽ തമ്പടിച്ച ആന വൈകുന്നേരത്തോടെയാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ബേലൂർ മഖ്നയുടെ സമീപത്തായി മറ്റൊരു മോഴയാന നിലയുറപ്പിച്ചതും അധികൃതരെ വലയ്ക്കുകയാണ്.
ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചെന്നും നാളെ രാവിലെ ദൗത്യം വീണ്ടും തുടങ്ങുമെന്നും രാത്രി ആന ജനവാസ മേഖലയിൽ എത്താതെ ഇരിക്കാൻ നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
അതേസമയം കാട്ടാനയാക്രമണത്തിൽ വയനാട്ടിൽ ഒരാൾക്കുകൂടി ജീവൻ നഷ്ടമായി. കുറുവ ദ്വീപിലെ ജീവനക്കാരൻ പോൾ രാവിലെയുണ്ടായ കാട്ടാനആക്രമണത്തിൽ മരിച്ചു. പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുൽപ്പള്ളി പാക്കം സ്വദേശിയായ പോളിനെ ഇന്ന് രാവിലെ ഒമ്പതിനാണ് കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വിഎസ്എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു.