എക്സൈസ് സേനയെ ആധുനിക വൽക്കരിക്കും: മന്ത്രി എം.ബി. രാജേഷ്
Friday, February 16, 2024 1:33 AM IST
തിരുവനന്തപുരം: ഇന്നത്തെ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന രീതിയിൽ എക്സൈസ് സേനയെ ആധുനിക വൽക്കരിക്കുമെന്ന് എക്സൈസ്മന്ത്രി എം.ബി. രാജേഷ്. എക്സൈസ് വകുപ്പ് വിവിധ ജില്ല ഓഫീസുകൾക്കായി കൈമാറുന്ന എൻഫോഴ്സ്മെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലും സംസ്ഥാന ഗവൺമെന്റ് സേനയുടെ ആവശ്യങ്ങൾക്ക് മികച്ച പരിഗണനയാണ് നൽകുന്നത്. നിലവിൽ 33 വാഹനങ്ങളാണ് വിവിധ ജില്ലകൾക്കായി നൽകുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങളും അടിസ്ഥാന സാകര്യങ്ങളും നൽകണ്ടതാണ്.
മെറ്റൽ ഡിറ്റക്ടറുകളടക്കം വിവിധ ആത്യന്താധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ക്രമാനുഗതമായി എക്സൈസ് വകുപ്പിന് നൽകും. മയക്കുമരുന്നിന്റെ വ്യാപനം കൗമാരക്കാർക്കിടയിൽ വ്യാപകമാകുന്ന സമകാലിക സാഹചര്യത്തിൽ മയക്കുമരുന്ന് വിതരണ ശ്യംഖലയില്ലാതാക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് എക്സൈസ് വകുപ്പ് നടത്തുന്നത്.
ക്രിസ്മസ്, ന്യൂ ഇയർ കാലയളവിൽ പതിനായിരത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരാതികളില്ലാത്ത നിലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.