ആർസി, ലൈസൻസ് കാർഡുകൾക്കായി പിരിച്ച 146 കോടി എവിടെ
Thursday, February 15, 2024 6:45 PM IST
കണ്ണൂർ: സംസ്ഥാനത്ത് വിതരണം ചെയ്യാൻ കെട്ടിക്കിടക്കുന്ന ആർസി, ലൈസൻസ് കാർഡുകൾക്കായി ഉപഭോക്താക്കളിൽനിന്നു സർക്കാർ പിരിച്ചത് 146 കോടി രൂപ. ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന തപാൽ ചാർജ് ഒഴികെയുള്ള കണക്കാണിത്. എന്നാൽ ആർസിയും ലൈസൻസ് കാർഡും അച്ചടിച്ചതിന് എട്ടരക്കോടി രൂപ കുടിശിക നൽകാൻ ബാക്കിനിൽക്കുകയാണ്.
കുടിശികയുടെ അഞ്ചിരിട്ടി പിരിച്ചിട്ടും അച്ചടികന്പനിക്ക് നല്കാതെ പണം എവിടെ പോയെന്ന ചോദ്യത്തിനു വകുപ്പ് മന്ത്രിക്കുപോലും ഉത്തരമില്ല.കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ നിയമസഭയിൽ അറിയിച്ചത് 3,80,000 ആർസി ബുക്കുകളും 3,50,000 ലൈസൻസുകളും അച്ചടിച്ച് വിതരണം ചെയ്യാനുണ്ടെന്നാണ്.
2023 ഓഗസ്റ്റ് മുതൽ ഡിസംബർവരെയുള്ള കണക്കാണിത്. കാർഡ് ഒന്നിന് പോസ്റ്റൽ ചാർജ് ഒഴിച്ച് 200 രൂപയാണ് ഉപഭോക്താക്കൾ സർക്കാരിന് നൽകുന്നത്. പോസ്റ്റൽ ചാർജായി 45 രൂപയും നൽകണം. അതിനാൽ, ആർസി ബുക്കിനായി 76 കോടി രൂപയും ലൈസൻസിനായി 70 കോടി രൂപയുമാണ് ഉപഭോക്താക്കളിൽനിന്നു സർക്കാർ പിരിച്ചത്.
അതേസമയം, 2023 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ 8,66,07,473 രൂപ കുടിശിക ഇനത്തിൽ ഐടിഐ ലിമിറ്റഡെന്ന കമ്പനിക്ക് നൽകാനുണ്ടെന്നു മന്ത്രി പറയുന്നു. പിരിച്ച പണം എവിടെ പോയെന്ന് മന്ത്രി പറയുന്നുമില്ല. അച്ചടിയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നൽകിയ ഫയലിൽ ക്രമക്കേട് കണ്ടെത്തിയതാണ് ധനകാര്യവകുപ്പ് ഫണ്ട് അനുവദിക്കാത്തതെന്നും ആരോപണമുണ്ട്.