മിഷൻ ബേലൂർ മഗ്ന: കർണാടകയിൽ നിന്നുള്ള സംഘം വയനാട്ടിൽ
Thursday, February 15, 2024 6:04 PM IST
മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്നയെ പിടികൂടുന്നതിന് കർണാടകയിൽ നിന്നുള്ള ദൗത്യ സംഘം വയനാട്ടിലെത്തി. ആനയെ കർണാടകയിൽ വച്ച് മയക്കുവെടി വച്ച് പിടികൂടിയ സംഘമാണ് എത്തിച്ചേർന്നിരിക്കുന്നത്.
വെറ്ററിനറി ഡോക്ടർ, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെ 22അംഗ സംഘമാണ് ബേഗൂർ ഫോറസ്റ്റ് ഓഫീസിലെത്തിയത്. ഇനി ഇരു സംസ്ഥാനങ്ങളുടെയും ദൗത്യസംഘങ്ങൾ സംയുക്തമായിട്ടാണ് ആനയെ തളയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുക.
നിലവിൽ മറ്റൊരു മോഴയാനയോടൊപ്പമാണ് ബേലൂര്‍ മഗ്നയുടെ സഞ്ചാരം. കഴിഞ്ഞ ദിവസം ബേലൂര്‍ മഗ്നയുടെ സമീപത്ത് എത്തിയ ദൗത്യസംഘത്തെ മോഴയാന ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചെന്നും നാളെ പുലർച്ചെ ദൗത്യം ആരംഭിക്കുമെന്നും രാത്രിയിൽ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.